മാനവ കുലത്തെ അജ്ഞതയുടെ കൂരാകൂരിരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴി നടത്തുന്നതിന് വേണ്ടി കാലാകാലങ്ങളിലായി അവതീർണമായ ദൈവിക വചനങ്ങളുടെ പൂർത്തീകരണമാണ് വിശുദ്ധഖുർആൻ. എല്ലാ കാലങ്ങളിലും ദേശങ്ങളിലും പ്രവാചകന്മാരോ ഗുരുക്കന്മാരോ നിയോഗക്കപ്പെട്ടിട്ടുണ്ട്. അവരിലൂടെ ആ സമൂഹത്തിന് വേദ ഗ്രന്ഥങ്ങളോ ദൈവിക ശാസനകളോ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കാലാന്തരത്തിൽ വിവിധ കാരണങ്ങളാൽ ദൈവിക മാർഗത്തിൽ നിന്ന് വ്യതി ചലിച്ചവരെ നേരിന്റെ പാതയിലേക്ക് നയിക്കുക എന്നതായിരുന്നു എല്ലാ വെളിപാടുകളുടെയും ദൗത്യം.അവസാനത്തെ ദൈവിക ഗ്രന്ഥമായ ഖുർആൻ ലോകമെങ്ങും അക്ഷര വിപ്ലവത്തിന്റെ അഗ്നിജ്വാലകൾ പടർത്തി.
വിജ്ഞാനത്തിന്റെ മഹാ വിസ്ഫോടനത്തിന് നാന്ദി കുറിച്ച ഗ്രന്ഥമാണ് പരിശുദ്ധമായ ഖുർആൻ. ജഗനിയന്താവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ പ്രവാചകർ മുഹമ്മദ് നബി (സ) യിലേക്കും അവിടുത്തെ സമുദായത്തിലേക്കുമാണ് ഖുർആൻ ഇറക്കപ്പെട്ടത്. ദീർഘമായ യുദ്ധങ്ങളുടെയും മത്തുപിടിപ്പിക്കുന്ന മദ്യത്തിന്റെയും മദിരാശിയുടെയും കഥകൾ പറയാനുണ്ടായിരുന്ന ഒരു സമൂഹത്തിൽ ധാർമികതയുടെ വിത്തുകൾ പാകി വിജ്ഞാന തൃഷ്ണയുടെ പനിനീർ കുസുമങ്ങൾ വിരിയിക്കാൻ ഖുർആനിൻ്റെ അദ്ധ്യാപ നങ്ങൾക്ക് സാധിച്ചു.
അറിവ് അനുഗ്രഹമാണെന്ന് പഠിപ്പിച്ച വേദ ഗ്രന്ഥമാണ് ഖുർആൻ. അറിവുള്ളവരും ഇല്ലാത്തവരും തുല്യരാണോയെന്ന ഖുർആനിന്റെ ചോദ്യം വിശ്രുതമാണ്. അറിവുള്ളവരെ അല്ലാഹു പടിപടിയായി ഉയർത്തുമെന്നും ഖുർആൻ പ്രസ്താവിക്കുന്നു. ലോക ചരിത്രം മുമ്പ് ക ണ്ടിട്ടില്ലാത്ത വിധം വിപുലമായ വിപ്ലവത്തിനാണ് ഇഖ്റഅ് എന്ന ആജ്ഞാ വാക്യം തിരികൊളുത്തിയത്.
ഖുർആനിൽ നിന്നും പ്രവാചക വചനങ്ങളിൽ നിന്നും അനവധി വിജ്ഞാന ശാഖകളാണ് ഉറവയെടുത്തത്. വ്യത്യസ്തങ്ങളായ ശാസ്ത്ര ശാഖകളിൽ ഗവേഷണത്തിലേർപ്പെടാൻ ഖുർആൻ ചുംബിച്ചുണർത്തിയ ജ്ഞാനാന്വേഷണ കൗതുകത്തിന് സാ ധിച്ചു.ഇസ്ലാമിക ചരിത്രം ജ്ഞാന ദീപ്തവും ശാസ്ത്ര പുഷ്കലവും ആവുന്നതങ്ങനെയാണ്.പിൽക്കാല യൂറോപ്യൻ ശാസ്ത്ര ഗവേഷണങ്ങൾ പൂർണമായും ഇസ്ലാമിക നാഗരികതയോട് കടപ്പെട്ടിരിക്കുന്നു എന്നുള്ളത് ചരിത്ര വസ്തുതയാണ്.
സുഷുപ്തിയിലാണ്ടിരുന്ന അറബികളുടെ ജ്ഞാനാന്വേഷണ കൗതുകത്തെ തൊട്ടുണർത്തി പ്രകൃതിയിലെ ചെറുതും വലുതുമായ പ്രതിഭാസങ്ങളെ കുറിച്ചാലോചിക്കാൻ ഖുർആനിക വചനങ്ങൾ നിമിത്തമായി.'അവർ ആകാശത്തേക്ക് നോക്കുന്നില്ലേ?!അതെങ്ങനെയാണ് ഉയർതപ്പെട്ടിരിക്കുന്നതെന്ന്. അവർ ഭൂമിയിലേക്ക് നോക്കുന്നില്ലേ?! അതെങ്ങനെയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നതെന്ന്.'അവർ ഒട്ടകത്തിലേക്ക് നോക്കുന്നില്ലേ?! അതെങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്', തുടങ്ങിയ ഖുർആനിക വചനങ്ങൾ ഉദാഹരണമാണ്.
അറബി വ്യാകരണ ശാസ്ത്രവും ഖുർആനിനോട് നേരിട്ട് കടപ്പാടുള്ള വിജ്ഞാന ശാഖയാണ്.ഭാഷാ പണ്ഡിതരും വ്യാകരണ പണ്ഡിതന്മാരുമെല്ലാം നിയമങ്ങൾ ചിട്ടപ്പെടുത്താൻ പ്ര ധാനമായും ആശ്രയിച്ചത് ഖുർആനിനെയായിരുന്നു. കാലമേറെ കഴിഞ്ഞിട്ടും ഇനിയുമൊരുപാട് ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും വിശുദ്ധ ഗ്രന്ഥം വാതായനങ്ങൾ തുറന്നിടുകയാണ്.