പരിശുദ്ധ ഖുർആനിനെ അള്ളാഹു ലൗഹുൽ മഹ്ഫൂളിലേക്ക് ഇറക്കുന്നു.അവിടെ നിന്ന് ജിബ്രീൽ (അ) അതേറ്റടുത്ത് ബൈത്തുൽ ഇസ്സയിലേക്ക് റമളാൻ മാസത്തിലെ ലൈലത്തുൽ ഖദ്റിൽ അവതരിപ്പിക്കുന്നു.ബൈത്തുൽ ഇസ്സയിൽ നിന്ന് 23 വർഷങ്ങളിലായി നബി(സ)തങ്ങളിലേക്ക് ഖുർആനിനെ എത്തിച്ചു കൊടുക്കുന്നു.നബി തങ്ങൾ കേട്ടപാടെ മന:പാഠമാക്കുന്നു. നബിയുടെ എഴുത്തുകാർക്ക് ഖുർആനിനെ പറഞ്ഞ് കൊടുക്കുന്നു. അവർ അതിനെ എഴുതുന്നു. പിൽക്കാലത്ത് സിദ്ദീഖ് (റ) 2 ചട്ടക്കുള്ളിൽ ഒരു മുസ്ഹഫിനെ സംവിധാനിക്കുന്നു.
പിന്നീട് ഉസ്മാൻ (റ) തങ്ങളുടെ കാലഘട്ടത്തിൽ എട്ടോളം കോപ്പികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചു നൽകുന്നു. അതിനുശേഷം ഖുർആനിന് ഹറകത്തുകളും പുള്ളികളും നൽകി ഹജ്ജാജ് ബിൻ യൂസുഫിന്റെ കാലത്ത് ഹിസ്ബുകളും ജുസഉകളും ആയി ക്രമപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള വിശുദ്ധ ഖുർആൻ അത്ഭുതങ്ങളുടെ കലവറയാണ്.
ഇമാം സുയൂത്വി (റ) തൻ്റെ ഇത്ഖാൻ എന്ന വിശ്വവിഖ്യാത ഗ്രന്ഥത്തിൽ പറയുന്നു:ലൗഹുൽ മൗഹ്ഫൂളിൽ ഖുർആനിന്റെ അക്ഷരങ്ങൾ ഖാഫ് മലയുടെ അത്രയും വലിപ്പമുണ്ട്. ഓരോ അക്ഷരങ്ങൾക്കുമിടയിൽ അതിൻ്റെ ആശയങ്ങൾ വ്യാപിച്ചു കിടക്കുന്നു. അള്ളാഹുവിനല്ലാതെ അത് പൂർണ്ണമായി മനസ്സിലാക്കാൻ സാധ്യമല്ല.(അൽ ഇത്ഖാൻ)
ഖുർആൻ എന്നത് ഒരു സമുദ്രമാണ്. എത്ര പഠിച്ചാലും അവസാനിക്കുകയില്ല. ഉസൂലുൽ ഫിഖ്ഹ് ലെ جمع الجوامع എന്ന ഗ്രന്ഥത്തെക്കുറിച്ച് മഹാന്മാർ പരിചയപ്പെടുത്തുന്നത് ഓരൊ അക്ഷരത്തിന്റെ ഇടയിലും ഓരോ മുത്തു ണ്ട്.എന്നാൽ ഖുർആനിനെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരും.ഓരോ അക്ഷരത്തിന്റെ ഇടയിലും അറിവിൻറെ ഖനികൾ ഉണ്ട്. അതു
കൊണ്ട് ഖുർആൻ പഠിക്കാൻ സമയം കണ്ടെത്തണം . സ്വപ്നദർശനത്തിൽ റബ്ബിനോട് ഇബ്നു ഹജറുൽ ഹൈതമി (റ) തങ്ങൾ അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴി ചോദിച്ചപ്പോൾ മറുപടിയായി എന്റെ കലാം എന്നാണ് ഉത്തരം ലഭിച്ചത്. മനസ്സിലാക്കുകയാണോ അതല്ല മനസ്സിലാക്കാതെയാണോ എന്ന് മറു ചോദ്യത്തിന് രണ്ടു രൂപത്തിലും സാധ്യമെന്നാണ് ഉത്തരം ലഭിച്ചത്.
ഭൗതികതയുടെ പ്രസരിപ്പിൽ പലപ്പോഴും നാം മറക്കുന്ന ഖുർആൻ പഠനത്തിന് സമയം മാറ്റിവെക്കുന്നതിന്റെ അനിവാര്യത മനസ്സിലാക്കാൻ ഇതു തന്നെ ധാരാളമല്ലേ... ഖുർആനുമായി ഒരു ബന്ധം നാം സ്ഥാപിക്കേണ്ടതുണ്ട്.അതിന് നാം നന്നായി പരിശുദ്ധ ഖുർആൻ പാരായണം ചെയ്യണം. പഠനങ്ങളിൽ ഏർപ്പെടണം നാഥൻ തൗഫീഖ് നൽകട്ടെ..