Article reader
മദ്ഹെഴുത്തിലെ കേരളീയ വസന്തം
ഹാഫിള് മുബഷിർ സഖാഫി ചാലിയം · Sep 12, 2026
പ്രവാചകാനുരാഗത്തിന്റെ അനിർവചനീയമായ സൗന്ദര്യത്തെ അനാവരണം ചെയ്യുന്ന നിരവധി രചനകൾ കേരളക്കരയിൽ വിരചിതമായിട്ടുണ്ട്. വിശ്വാസികൾക്ക് എന്നും അഭയമായിരുന്നു പ്രവാചക പ്രകീർത്തന കാവ്യങ്ങളും കവികളും .പ്രധാനമായിട്ടും മൂന്ന് തരത്തിലുള്ള പ്രവാചക കീർത്തനങ്ങളാണ് കേരളത്തിൽ ദർശിക്കാനാവുന്നത്.
1- അറബിയിൽ എഴുതിയ ഗദ്യ- പദ്യ രൂപത്തിലുളള രചനകൾ . (ഇതിനെ പൊതുവിൽ മൗലിദ് എന്ന് വിളിക്കുന്നു)
2-അറബി ഭാഷയിലെ വാക്കുകളും മലയാളവും കൂടിച്ചേർന്ന 'അറബിമലയാളം' എന്ന ഭാഷാശൈലിയിൽ എഴുതിയ മാപ്പിള പാട്ടുകൾ , ഖിസ്സ പാട്ടുകൾ , പടപ്പാട്ടുകൾ , മാലകൾ
3 - തനിമയാർന്ന മലയാളത്തിൽ എഴുതിയ മദ്ഹ് ഗീതങ്ങൾ
നബി(സ)യുടെ ആകാരം, സ്വഭാവം എന്നിവയെക്കുറിച്ചുള്ള വര്‍ണന, പ്രവാചകരുടെ ജീവിതത്തോട് ഓരം ചേർന്നിരിക്കുന്ന സംഭവ വികാസങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ , മുത്ത് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയിൽ അണയാനുള്ള അതിയായ മോഹം , പ്രവാചകരുടെ സ്വഭാവ മഹിമ, അവിടുത്തെ ജീവിതത്തിലെ കാരുണ്യ കഥകൾ തുടങ്ങിയവയായിരിക്കും പ്രധാനമായിട്ടും പ്രവാചക പ്രകീർത്തനങ്ങളിലെ ഇതിവൃത്തം.തികട്ടിവരുന്ന ദിവ്യപ്രേമത്തേയും, വര്‍ണ്ണിക്കാന്‍ കഴിയാത്ത സ്നേഹത്തിന്റേയും അനുസ്യൂത പ്രവാഹമാണ് മൗലിദ്, മാല തുടങ്ങി പ്രകീര്‍ത്തന സാഹിത്യങ്ങളുടെ അടിത്തറ.
കേരളത്തിൽ ഇസ്ലാം പടർന്നു പന്തലിച്ചത് മുതൽ തന്നെ മലയാളി പണ്ഡിത കേസരികൾ പ്രവാചക പ്രകീർത്തന മേഖലയിൽ പ്രതിഭാത്വം തെളിയിച്ചിട്ടുണ്ട്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വ്യത്യസ്ഥ രീതിയിലുള്ള മദ്ഹുകൾ കേരളീയ സമൂഹത്തിന് പരിചിതമായിട്ടുണ്ട്. അതിൽ അധികവും തന്നെ മലയാളി പണ്ഡിത കുലപതികളുടെ തൂലികയിൽ നിന്നും വിരചിതമായതും. മൺ മറഞ്ഞുപോയ പ്രവാചക പ്രകീർത്തന രചയിതാക്കളുടെ ജീവിതത്തിലുടെ സഞ്ചരിക്കുകയാണ് ഇവിടെ.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ
ലോകമുസ്ലിം പണ്ഡിത ഭൂപടത്തില്‍ മലബാറിന് അന്തസ്സാര്‍ന്ന സ്ഥാനം നിര്‍ണയിച്ചത് മഖ്ദൂം കുടുംബമാണ് .മഖ്ദൂം കബീര്‍ എന്നറിയപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദും ഒന്നാമന് ഹിജ്റ 871 ശഅ്ബാന്‍ 12 ന് കൊച്ചിയിലാണ് ജനിച്ചത്. ഹിജ്റ ആറാം നൂറ്റാണ്ടില്‍ യമനില്‍നിന്നാണ് ഇവരുടെ പിതാമഹന്മാര് ഇന്ത്യയിലെത്തുന്നത്. മഖ്ദും പൊന്നാനിയില്‍ വെച്ച് ഔദേൃാഗിക പഠനമാരംഭിച്ചു. ശേഷം യമന്‍, ഈജിപ്ത്, അറേബ്യ തുടങ്ങിയ ലോകരാഷ്ട്രങ്ങളില്‍ അക്കാലത്തെ വിശ്വോത്തര പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു. പഠന ശേഷം പൊന്നാനി കേന്ദ്രീകരിച്ച് വമ്പിച്ചൊരു വൈജ്ഞാനിക വിസ്ഫോടത്തിന് തുടക്കം കുറിച്ച മഖ്ദൂം തങ്ങള്‍ വിജ്ഞാന പ്രസരണത്തിനായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു .അതിൽ പ്രധാനപ്പെട്ടതാണ് മുത്ത് നബിയുടെ അപദാനങ്ങൾ വാഴ്ത്തിക്കൊണ്ട് രചിച്ച മന്ഖൂസ് മൗലിദ് .
തിരുനബി(സ്വ)യുടെ ജന്മവുമായി ബന്ധപ്പെട്ട അത്ഭുത സംഭവങ്ങളും മഹത്വങ്ങളും, ചരിത്രവും മറ്റും പദ്യമായും ഗദ്യമായും കോര്‍ത്തിണക്കുന്നതാണ് മൗലിദ്. കേരളത്തില്‍ ഏറെ പ്രചുരപ്രചാരം നേടിയ മൗലിദുകളില് ഒന്നാണ് മന്ഖൂസ് മൗലിദ്.
ഇമാം ഗസാലിയുടെ സുപ്രസിദ്ധ 'സുബ്ഹാന' മൗലിദില്‍ നിന്ന് ചുരുക്കി ഉണ്ടാക്കിയ മൗലിദ് ആയതിനാല്‍ ചുരുക്കപ്പെട്ടത് എന്ന അര്‍ത്ഥമുള്ള മന്ഖൂസ് എന്ന പേരില്‍ തന്നെയാണ് ഈ മൗലിദ് അറിയപ്പെടുന്നത്. പൊന്നാനിയിലും പരിസരങ്ങളിലും കോളറ ബാധിക്കുകയും ദിനംപ്രതി നിരവധി പേര് മരിച്ചൊടുങ്ങുകയും ചെയ്യുന്ന ഭീതിതവും പ്രയാസകരവുമായ സാഹചര്യം ഉടലെടുത്തപ്പോഴാണ് അന്നത്തെ ജനങ്ങള്‍ ശൈഖ് സൈനുദ്ധീൻ മഖ്ദൂമിനെ സമീപിച്ച് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നത്. അന്നേരം ഈ മൗലിദ് ക്രോഡീകരിക്കുകയും വീടുകളില്‍ പതിവാക്കുവാനും നിര്‍ദേശിച്ചു. അതിലൂടെ നാട്ടില്‍ പടര്‍ന്നു പിടിച്ച സാംക്രമിക രോഗങ്ങള്‍ ഉഛാടനം ചെയ്യപ്പെടുകയും ജനജീവിതം പൂര്‍വ്വസ്ഥിതി പ്രാപിക്കുകയുമുണ്ടായി. ഗദ്യമായും പദ്യമായും പ്രകീര്‍ത്തനങ്ങള്‍ കോര്ത്തിണങ്ങിയാണ് മന്ഖൂസ് മൗലിദ് വിരചിതമായത്.
അഞ്ച് ഹദീസും അഞ്ച് പദ്യങ്ങളും പ്രാര്‍ത്ഥനയും അടങ്ങിയതാണ് മന്ഖൂസ് മൗലിദ്. ഒന്നാമത്തെ ഹദീസില്‍ റബീഉല്‍ അവ്വലില്‍ സന്മാര്ഗദര്ശകനായ തിരുചന്ദ്രശോഭയെ ഉദിപ്പിച്ച നാഥനെ സ്തുതിച്ചു തുടങ്ങി, മുന്‍കാല പ്രവാചകര്‍ തിരുദൂതരെ കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ചത് സൂചിപ്പിച്ച്, ആ തിരുവൊളി ആമിനബീബി(റ)യുടെ ഗര്‍ഭത്തിലേക്ക് എത്തുന്ന ക്രമം വിശദീകരിക്കുകയാണ്. ഹബീബ്(സ്വ)യെ വര്‍ണ്ണിക്കുന്ന സൂറതുത്തൗബയിലെ അവസാന ആയതും അതിലുള്‍ക്കൊണ്ടിട്ടുണ്ട്.രണ്ടാമത്തെ ഹദീസില്‍ തിരുനബി(സ്വ)യുടെ ഗര്‍ഭകാലവും റജബ് മുതല്‍ റബീഉല്‍അവ്വല്‍ വരെയുള്ള ഓരോ മാസങ്ങളിലും ഉണ്ടായ അത്ഭുതങ്ങളും ആകാശഭൂമി ലോകത്ത് സൃഷ്ടികള്‍ സംഭവിച്ച അനുഭവമാറ്റങ്ങളും, ആമിനബീബിയുടെ അവസ്ഥകളും അവരെ സാന്ത്വനിപ്പിക്കാന്‍ വന്ന പ്രവാചകരേയും മറ്റും പരാമര്‍ശിക്കുന്നുണ്ട്. മൂന്നാമത്തെ ഹദീസില്‍ ആ തിരുഗാത്രം ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ട് അനുഗ്രഹീതമായ നിമിഷത്തെ കുറിച്ചും അന്നേരം ആമിനബീബി കണ്ട അത്ഭുത കാഴ്ചകളും, പ്രസവാനന്തരം ഖത്മുന്നുബുവ്വതിന്റെ മുദ്രണം നടത്താന്‍ മാലാഖമാര്‍ എടുത്തതും, പേര്‍ഷ്യയിലെ അഗ്നി ഒടുങ്ങിയതും, സാവാ തടാകം വറ്റിയതും മറ്റു അത്ഭുതങ്ങളും പരാമൃഷ്ടമാകുന്നു.
നാലാമത്തെ ഹദീസില്‍ പ്രസവിച്ച് ഏഴാം ദിനം അബ്ദുല്‍മുത്വലിബ് അഖീഖ അറുത്തതും ഖുറൈശികളെ വിളിച്ച് സദ്യ നല്കിയതും ആകാശഭൂമിയിലുള്ളവര്‍ മുഴുവനും തന്റെ മകനെ സ്തുതിക്കുവാനാണ് മുഹമ്മദ് എന്ന് നാമകരണം നടത്തിയതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും അതിലുണ്ട്. അവസാന ഹദീസിലാണ് അലിയ്യുബ്നുസൈദ് എന്നവരുടെ അയല്‍വാസിയായ ദിമ്മിയ്യും അദ്ദേഹവും തമ്മിലുള്ള സംഭവം വിശദമായി പരാമര്‍ശിക്കുന്നത്. നബി(സ്വ)യുടെ ജന്മത്തില് സന്തോഷിച്ച് പാവപ്പെട്ടവരെ വിളിച്ച് സദ്യനല്കിയതിന്റെ പേരില്‍ അദ്ദേഹത്തെ പരിഹസിച്ച അയല്‍വാസി പിന്നീട് തിരുനബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിക്കുന്നതും കുടുംബസമേതം ഇസ്ലാം സ്വീകരിച്ച് ഓരോരോ ദിവസങ്ങളില്‍ ഓരോരുത്തര് മരിക്കുന്നതും സ്വര്ഗ്ഗകൊട്ടാരം ഉടമപ്പെടുത്തുന്നതും ആ ഹദീസിലുണ്ട്.
ഇടയില്‍ വരുന്ന പദ്യങ്ങളില്‍ തിരുനബി(സ്വ)യുടെ വര്‍ണനകളും, തിരുനബി(സ്വ)യോട് ഇസ്തിഗാസ നടത്തുന്നതും, ശഫാഅത് ചോദിക്കുന്നതും, പ്രസവ നേരത്തെ സാഹചര്യങ്ങളും മറ്റുമെല്ലാം സുന്ദരമായ സാഹിതീയ ശൈലിയില്‍ മനോഹരമായി വര്‍ണ്ണിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് സര്‍വ്വ വിപത്തുകളില്‍ നിന്നും പൂര്‍ണ്ണ മുക്തിക്ക് വേണ്ടിയും പാപമോചനവും മറ്റു കാര്യങ്ങളും ഉണര്‍ത്തി ഹ്രസ്വമായ പ്രാര്‍ത്ഥനയുമാണ് ഇതിലുള്ളത്.
മന്ഖൂസ് മൗലിദിലെ ഓരോ വരികളും ഹബീബ്(സ്വ)യോടുള്ള ഇഷ്ഖ് നിറഞ്ഞൊഴുകുന്നത് കാണാം. "പൂര്‍ണ്ണചന്ദ്രനേക്കാള്‍ ശോഭയേക്കാള്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ഉദയം ചെയ്യുന്നു. അങ്ങാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും. ഞങ്ങളുടെ ഉമ്മ ഉപ്പമാരില്‍ അങ്ങയോളം നന്മകള് ഞങ്ങള്‍ കണ്ടിട്ടേ ഇല്ല. പാപക്കറകളുമായി വരുന്ന ഞാന്‍ അങ്ങയോടാണ് സങ്കടം ഉണര്‍ത്തുന്നത്. തിരുനദൂതരേ, അങ്ങ് ഞങ്ങള്‍ക്ക് നാളെ ഖിയാമതില് ശഫാഅത് നല്‍കണേ".
സാമൂഹിക വിപത്തുകള്‍ നീങ്ങാനും, ക്ഷേമ- ഐശ്വര്യത്തിനും ഈ മൗലിദ് നിശ്ചിത ദിവസങ്ങളില്‍ പതിവാക്കാന്‍ മഹാന്മാര് നിര്‍ദേശിക്കാറുണ്ട്.
കുഞായിൻ മുസ്ലിയാർ
നര്മരസികനും ഫലിതസാമ്രാട്ടുമായി അറിയപ്പെട്ട കുഞ്ഞായീന്‍ മുസ്ലിയാര് എ.ഡി 1700-കളിലാണ് ജീവിച്ചിരുന്നത് എന്ന് അനുമാനിക്കപ്പെടുന്നു. വടക്കേ മലബാറിലെ തലശ്ശേരി നഗരത്തില്‍ "സൈദാര്‍" പള്ളിക്കടുത്ത മക്കറയില്‍ എന്ന വീട്ടിലാണ് അദ്ദേഹം ജനിച്ചത്.. പ്രാഥമിക പഠനത്തിനു ശേഷം പൊന്നാനിയിലേക്ക് പോവുകയായിരുന്നു. പൊന്നാനിയിലെ പ്രസിദ്ധരായ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ വലിയ പണ്ഡിതനായി അദ്ദേഹം ഉയര്‍ന്നു. ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം, അബ്ദുസ്സലാം മഖ്ദൂം, എന്നിവരായിരുന്നു പ്രധാന അധ്യാപകര്‍. കുശാഗ്ര ബുദ്ധിയുടെയും അപാര ജ്ഞാനത്തിന്റെയും ഉടമയായിരുന്ന കുഞ്ഞായീന്‍ മുസ്ലിയാരെ തര്‍ക്കപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മഖ്ദൂമുമാര്‍ പറഞ്ഞയച്ചിരുന്നു.
മാപ്പിളക്കവിയായാണ് കുഞ്ഞായീന്‍ മുസ്ലിയാര് അറിയപ്പെടുന്നത്. ഖാളി മുഹമ്മദിന്റെ മുഹ്യുദ്ദീന്മാലക്കു ശേഷം പിന്നീട് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത് ഇദ്ദേഹത്തിന്റെ കൃതികളാണ്. പോര്‍ച്ചുഗീസ് പോരാട്ടങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടു പോകുകയായിരുന്നു എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. മലയാള ഭാഷ വികാസം പ്രാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞായീന്‍ മുസ്ലിയാര് അറബി മലയാളത്തില്‍ എഴുതിയ വരികള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. അറബി, മലയാളം, തമിഴ് ഭാഷകളിലും അദ്ധ്യാത്മിക വിഷയങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.കപ്പപാട്ട്, നൂല്‍മാല, നൂല് മദ്ഹ് എന്നിവയാണ് കുഞ്ഞായിൻ മുസ്ല്യാരുടെ പ്രശസ്ത മാപ്പിള കവിതകൾ . ഇതിൽ നൂൽ മദ്ഹ് പ്രവാചക പ്രകീർത്തന കാവ്യമാണ്.15 ഇശലുകളിലായി 666 വരികളാണ് നൂല് മദ്ഹില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നൂല് മദ്ഹ് എന്ന പദം ‘നൂല്’ എന്ന തമിഴ് പദവും ‘മദ്ഹ്’ എന്ന അറബി പദവും ചേര്‍ന്നതാണ്. നൂല് എന്നാല്‍ തമിഴില്‍ കൃതി എന്നാണർത്ഥമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.അറബി, മലയാളം, തമിഴ് എന്നീ മൂന്നു ഭാഷകൾ ഈ കൃതിയിലുടനീളം ഉപയോഗിച്ചതായി കാണാവുന്നതാണ്.
‘ആദിതന്‍ അരുളിനാല്‍ പെരുമാന് വന്ത് അണ്ഡംയേളം കടന്ത് അര്‍ശിന്നു മുടി നീണ്ടെ മുഹമ്മദ് നബിയെ കാമ്പതുക്ക് യെന്നില്‍ ആശക്കടല്‍ പൊങ്കും അതിനാല്‍ ‘ഇമ്മദ്ഹ് നൂല് മാലൈ’ പണിവതുക്ക് അള്ളാവെതാരും ഉന്‍തുണൈ കാഫ’………
അർത്ഥ ഗാഭീംര്യമുള്ള വരികൾ കൊണ്ടാണ് നൂൽ മദ്ഹ് തുടങ്ങുന്നത്. കവിതയിലുടനീളം പ്രവചകാനുരാഗത്തിന്റെ ഈരടികൾ വായിച്ചടുക്കാനാകും .
വെളിയങ്കോട് ഉമർ ഖാളി
ആലി മുസ്ലിയാർ ആമിനാ ദമ്പതികളുടെയും മകനായി വെളിയങ്കോട് ഗ്രാമത്തിൽ കാക്കത്തറ വീട്ടിൽ ഹിജ്റ 117 റബീഉൽ അവ്വൽ പത്തിന് ജനിച്ചു. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞു. പിതാവിൽ നിന്നും പ്രാഥമിക പഠനം നേടിയതിനു ശേഷം പതിനൊന്നാം വയസ്സിൽ താനൂരിലെ ദർസിൽ ചേർന്നു. പിന്നീട് ഖാദിരിയ ത്വരീഖത്തിന്റെ ശൈഖായ മമ്മികുട്ടി ഖാളിയുടെ ശിഷ്യനായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ചേർന്നു. അവിടെനിന്നും സകല വിജ്ഞാന ശാഖകളിലും പ്രാവീണ്യം നേടി. ശിഷ്യൻറെ അറിവിന്റെ ആഴം മനസ്സിലാക്കിയ പ്രിയ ഗുരുവര്യർ മമ്മി കുട്ടി ഖാളി അദ്ദേഹത്തെ സഹ മുദരിസായി നിയമിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും ധിഷണാ ശാലിയും കവിയും സാഹിത്യകാരനും ജനങ്ങളുടെ ആത്മീയ നേതൃത്വവും ആയിരുന്നു ഉമർ ഖാളി. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ആദ്യമായി നികുതി നിഷേധിച്ചുകൊണ്ട് സമരം നടത്തിയത് ഉമർ ഖാളിയായിരുന്നു
സ്വതസിദ്ധമായ രചനാ ശൈലിയും ഭാവനയും മികച്ച രചനാ വൈഭവവും ഉണ്ടായിരുന്ന അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചു. അദ്ദേഹത്തിൻറെ കവിതകളിൽ അധികവും പ്രകീർത്തനങ്ങൾ ആയിരുന്നു. മഹാനവറുകളുടെ പ്രവാചക കാവ്യങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള "സ്വല്ലൽ ഇലാഹു" 1209-ലാണ് വിരചിതമാകുന്നത്. ഹജ്ജ് യാത്രയിൽ മദീനയിലെത്തിയ മഹാനവർകൾ തിരുനബി(സ്വ)യുടെ ഖബറിനരികെ നിന്ന് അവിടുത്തെ ഗുണഗണങ്ങൾ വാഴ്ത്തുകയാണ് ചെയ്യുന്നത്. ആദ്യാവസാനം സ്വലാത്ത് കാവ്യമായ ഇത് പ്രവാചക സ്നേഹത്തിന്റെ അവാച്യമായ അനുഭൂതി പ്രകടമാക്കുന്നു. അഞ്ചു ചില്ലകൾ വീതമുള്ള 34 വരികൾ മാത്രമേ ഇതിലുള്ളൂവെങ്കിലും കവിതയുടെ പ്രമേയം അതിനെ സമ്പന്നമാക്കുന്നു . ബൈത്തിലെ യാ അക്റമൽ കുറമാ എന്നു തുടങ്ങുന്ന വരി ചൊല്ലിയപ്പോൾ ഹുജ്റതു ശരീഫിന്റെ കവാടം അത്ഭുതകരമായി തുറക്കപ്പെട്ടു എന്നും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം
ഖസീദത്തിൽ ഉമരിയ , ഖസീദത്തിൽ ലാഹൽ ഹിലാൽ ,ഖസീദത്തിൽ ലമ്മാ ളഹറ , അമ്മൽ ബുശ്റ, നബിയ്യു ൻ നജിയ്യുൻ , അല്ലഫൽ ആസി എന്നിവയാണ് പ്രധാന മദ്ഹ് കാവ്യങ്ങൾ .ഇതിനുപുറമേ വിവിധ വിജ്ഞാന ശാഖകളിൽ ഒട്ടനവധി ഗ്രന്ഥങ്ങളുണ്ട് മഹാനവർകൾക്ക് .
അബൂബക്കർ ബിൻ മുഹിയുദ്ധീൻ
അറബി അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത പണ്ഡിതനാണ് അബൂബക്കർ കുഞ്ഞി എന്ന പേരിൽ വിശ്രുതനായ അബൂബക്കർ ബിൻ മുഹ്യുദ്ദീൻ .കോഴിക്കോട്ടെ ഖാളിയും ഭാഷ പണ്ഡിതനുമായിരുന്നു മഹാൻ.മലപ്പുറം ജില്ലയിലെ നെടിയുരുപ്പിൽ തരുവറ വീട്ടിൽ ഹിജ്റ 1249ന് ജനിച്ചു. മുസ്ലിയാരകത്ത് സൈനുദ്ധീൻ മുസ്ലിയാർ,പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ,പൊന്നാനി വലിയ ബാവ മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുവര്യർ . ഖസീദ ഫീ മവാനിഇൽ ഔഖാഫ് എന്ന ഗ്രന്ഥാണ് ഇദ്ദേഹത്തിൻറെ പ്രധാന കൃതി.ഖുർആനിലെ വഖ്ഫുകളെ പ്രമേയമാക്കുന്ന ഗ്രന്ഥമാണിത്.മഹാനവർകളുടെ തൂലികയിൽ നിന്നും കൂടുതലും പിറന്നത് മൗലിദുകൾ ആയിരുന്നു.അറബി ഭാഷയിലെ പുള്ളി ഇല്ലാത്ത അക്ഷരങ്ങൾ കൊണ്ട് രചിച്ച സിറുൽ അസ്റാർ ,പുള്ളിയുള്ള അക്ഷരങ്ങൾ കൊണ്ട് രചിച്ച മൗലിദുൽ ബിൽ ഹുറൂ ഫിൽ മുഅജമ ഫീ മദ്ഹിന്നബി, പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങൾ പ്രത്യേക രീതിയിൽ കോർത്തിണക്കി ക്രോഡീകരിക്കപ്പെട്ട നാല് മൗലിദുകളുടെ സമാഹാരമായ മവാലിദുൽ മുഹ്മലാത്തി വൽ മുഅ്ജമാത്ത് തുടങ്ങിയവയാണ് പ്രധാന മൗലിദുകൾ .
അബ്ദുൽ ഖാദർ ഫള്ഫരി
ഹിജ്റ 1383 ൽ വിരചിതമായ അല്ലാമിയ എന്ന പ്രവാചക പ്രകീർത്തന കാവ്യത്തിന്റെ രചയിതാവാണ് അബ്ദുൽ ഖാദർ ഫള്ഫരി .കേളി കേട്ട പണ്ഡിതനും സൂഫിവര്യനുമായ പള്ളിപ്പുറം യൂസഫ് മുസ്ലിയാരുടെ മകനായി ഹിജ്റ 1313 റജബ് 6 വെള്ളിയാഴ്ച ചാലിയത്ത് ജനിച്ചു. അറബി ഭാഷയും കർമ്മ ശാസ്ത്രവും പഠിച്ചെടുത്തത് പിതാവിൽ നിന്നു തന്നെയായിരുന്നു.അല്ലാമ മുഹമ്മദ് ബിൻ മുഹിയുദ്ധീൻ മൗലവിയും , പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരും പ്രധാന ഗുരുവര്യരാണ്.
പ്രധാനമായിട്ടും കാവ്യ മേഖലയിലായിരുന്നു ഫള്ഫരിയുടെ രചനയിൽ അധികവും.കേരളത്തിൽ ലഭ്യമായതിൽ ആദ്യത്തെ അറബി കവിതാ സമാഹാരമായ ജവാഹിറു ൽ അശ്ആർ രചിച്ചത് ഇദ്ദേഹമാണ്. മഹാനവറുകളുടെ പ്രസിദ്ധ പ്രവാചക പ്രകീർത്തന കാവ്യമാണ് അല്ലാമിയ .28 വരികളുള്ള ഈ മദ്ഹ് കാവ്യം അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾ കൊണ്ടു തുടങ്ങുന്നു.ഇമാം ബുസൂരിയുടെ ഒരു മദ്ഹിന്റെ മുഖസ്സമായി രചിച്ച സംറുസ്സു റാ ഫീ മദ്ഹി ഖൈരിൽ വറാ എന്ന കവിതയിലെ എല്ലാ വരികളും തുടങ്ങുന്നത് മുഹമ്മദ് എന്ന വാക്കു കൊണ്ടാണ്.ഹിജ്റ 1363 റജബ് 17 ശനിയാഴ്ച വഫാത്തായി.
കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ
ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നത്താൻ തൗഫീഖ് ഏകള്ളാ ....
മലയാളികളുടെ ഹൃദയം നിറച്ച പ്രവാചകൻ പ്രകീർത്തനങ്ങളാണ് കുണ്ടൂർ ഉസ്താദിന്റെ ഈ വരികൾ. തെന്നിന്ത്യയുടെ ഗരീബ് നവാസ് എന്ന പേരിൽ അറിയപ്പെടുന്നു കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ഹിജ്റ 1354 റബീഉൽ അവ്വലിൽ തിരൂരങ്ങാടിയിൽ ജനിച്ചു. കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ, കെ എം എസ് എ കോയ തങ്ങൾ, ഇരിങ്ങല്ലൂർ അലവി മുസ്ലിയാർ, കരിങ്ങനാട് മുഹമ്മദ് മുസ്ലിയാർ, എന്നിവരാണ് പ്രധാന ഉസ്താദുമാർ .ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരാണ് ആത്മീയ ലോകത്തെ ഗുരുവര്യർ . വളരെ സരളമായ ഭാഷയിൽ ഒട്ടനേകം പ്രവാചക പ്രകീർത്തനങ്ങൾ കുണ്ടൂർ ഉസ്താദിന്റെ രചനകളിലുണ്ട്.
തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ
1933 ലാണ് ബാപ്പു ഉസ്താദിന്റെ ജനനം.പ്രഥമ ഉസ്താദ് ഓത്തുപള്ളിയിലെ അധ്യാപകന് തയ്യില്‍ അബ്ദുല്ല മുസ്ലിയാരാണ്. അവരില്‍ നിന്ന്
ഖുര്‍ആന്‍ പാരായണവും നിസ്കാരക്കണക്കും പഠിച്ച ശേഷം തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ചേര്‍ന്നു പകര സൈതലവി മുസ്ലിയാരില്‍ നിന്ന് പത്ത് കിതാബും തിരൂരങ്ങാടി വലിയ പള്ളിയില്‍ കൊണ്ടോട്ടി മായിന്‍ മുസ്ലിയാരില്‍ നിന്ന് നഹ്വും അഭ്യസിച്ചു. തുടര്‍ന്ന് കുഞ്ഞീന്‍ മുസ്ലിയാര് (വേങ്ങര ദര്‍സ്), നിറമരുതൂര്‍ ബീരാന് കുട്ടി മുസ്ലിയാര് (കരിങ്കപ്പാറ ദര്‍സ്), കാടേരി അബ്ദുല്‍ കമാല്‍ മുഹമ്മദ് മുസ്ലിയാര് കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാര്, കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര് എന്നിവരില്‍ നിന്ന് ഉന്നത പഠനം നടത്തി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു സനദ് വാങ്ങി. കണ്ണൂര്‍ പുതിയങ്ങാടി, വടകര ചെറുവണ്ണൂര്‍, കരുവന് തിരുത്തി, കുണ്ടൂര്‍, തലക്കടത്തൂര്‍, തിരൂരങ്ങാടി നൂറുല്‍ ഹുദാ അറബിക് കോളജ്, അരീക്കോട് മജ്മഅ്, വലിയോറ ദാറുല്‍ മആരിഫ് അറബിക് കോളജ് എന്നിവിടങ്ങളിലായി നീണ്ട അഞ്ച് പതിറ്റാണ്ടോളം ദര്‍സ് നടത്തി.വര്‍ത്തമാനകാല അറബി സാഹിത്യത്തിന്റെ കുലപതി, ആസ്വാദകരുടെ മനസ്സുകളില്‍ ആര്‍ദ്രതയുടെ ഗീതികള്‍ വിരിയിച്ച് സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച പണ്ഡിത ശ്രേഷ്ഠന്, അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരന്, പ്രവാചകാനുരാഗ ശൈലിയില്‍ കൈരളിയുടെ ബൂസ്വുരി-എല്ലാമാണ് തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്.മാതൃ കവിതയിലെ വരികളേത്, ബാപ്പു മുസ്ലിയാരുടെ വരികളേത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രാസവും ഘടനയും ഒത്തിണങ്ങിയതാണ് അദ്ദേഹത്തിന്റെ അബുൽ ഫള്ൽ എന്ന തൂലികാനാമത്തിലും ബാപ്പു ഉസ്താദ് അവരിൽ എഴുതിയിരുന്നു.പ്രവാചക പ്രണയമാണ് തൻറെ കവിതകളിലെ പ്രധാന പ്രമേയം പ്രകീർത്തന കവിതകളിൽ കൂടുതലും തഖ്സീമുകളാണ്.
അവലംബം :
- SYS അറുപതാം വാർഷിക ഉപഹാരം
- കുണ്ടൂർ ഉസ്താദ് തെന്നിന്ത്യയുടെ ഗരീബ് നവാസ്
- കുഞ്ഞായിൻ മുസ്ലിയാരുടെ നൂൽ മദ്ഹ്